Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Tour

ആരാധകരേ ശാന്തരാകുവിൻ, നാലു വർഷത്തിനു ശേഷം ബിടിഎസ് വേൾഡ് ടൂർ പ്രഖ്യാപിച്ചു

സിയൂൾ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ കൊറിയൻ മ്യൂസിക് ബാൻഡ് ഗ്രൂപ്പ് ബിടിഎസ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബിടിഎസിന്‍റെ അടുത്ത വേൾഡ് ടൂറിന്‍റെ തീയതികളും സ്ഥലങ്ങളും കെ-പോപ്പ് ഗ്രൂപ്പ് ഇന്നലെ രാത്രി പ്രഖ്യാപിച്ചു. 2026-27 വർഷത്തെ ടൂറിന്‍റെ വിവരങ്ങളാണ് പുറത്തുവിട്ടത്. 70 ദിവസത്തെ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ ലിസ്റ്റിൽ ഇന്ത്യയ്ക്ക് ഇടം പിടിക്കാനായില്ല.  2022ലാണ് ഇവർ ഇടവേള പ്രഖ്യാപിച്ചു സൈനിക സേവനത്തിനായി പോയത്. അന്നു മുതൽ ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രത്യേകിച്ച കൗമാര-യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട മ്യൂസിക് ബാൻഡ് ട്രൂപ്പ് ആണ് ബിടിഎസ്.

കൊറിയയിലും ജപ്പാനിലും തുടക്കം

തിരിച്ചുവരവിനു ശേഷമുള്ള ബാൻഡിന്‍റെ പുതിയ ആൽബം മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. വേൾഡ് ടൂറിന്‍റെ ഭാഗമായി 34 സ്ഥലങ്ങളിൽ ബിടിഎസിന്‍റെ സംഗീത പരിപാടിയുണ്ടാകും. ഏപ്രിലിൽ ദക്ഷിണ കൊറിയയിലെ ഗോയാംഗിലും ജപ്പാനിലെ ടോക്കിയോയിലും നടക്കുന്ന ഒന്നിലധികം കൺസേർട്ടുകളോടെയാകും ഈ വേൾഡ് ടൂറിനു തുടക്കമാകുന്നത്. തുടർന്ന് ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലേക്കും അവരെത്തും നിലവിലെ ഷെഡ്യൂൾ അനുസരിച്ച് 2027 മാർച്ചിൽ ഫിലിപ്പീൻസിലെ മനിലയിലാണ് ടൂർ അവസാനിക്കുന്നത്. മിഡിൽ ഈസ്റ്റിലെയും മറ്റ് സ്ഥലങ്ങളിലും പരിപാടികളുടെ തീയതികളും മറ്റും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിൽ വരുമോയെന്നതും പിന്നീടറിയാം.

ഗന്നം സ്റ്റൈൽ തരംഗം

2012ൽ പുറത്തിറങ്ങിയ സൈയുടെ സൂപ്പർ ഹിറ്റായ ഗന്നം സ്റ്റൈൽ ആണ് മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ബിടിഎസ് ആഗോള പ്രശസ്തിയിലേക്കു കുതിച്ചുയർന്നു. അമേരിക്കൻ പോപ്പ് സംസ്കാരത്തിലേക്കുള്ള അവരുടെ വരവ് ഈ സംഗീത വിഭാഗത്തിന്‍റെ വലിയൊരു മുന്നേറ്റമായി ആഘോഷിക്കപ്പെട്ടു. 2017ൽ ബിൽബോർഡ് മ്യൂസിക് അവാർഡ് നേടി. 2018ൽ സാറ്റർഡേ നൈറ്റ് ലൈവ് പ്രകടനം നടത്തുന്നതും 2020ൽ ഗ്രാമി നാമനിർദേശം നേടുന്നതുമായ ആദ്യ കെ-പോപ്പ് ബാൻഡായി ബിടിഎസ് മാറി.

നിർബന്ധിത സൈനിക സേവനം

സജീവമായ സോഷ്യൽ മീഡിയ സാന്നിധ്യം അവരെ മറ്റ് കെ-പോപ്പ് ഗ്രൂപ്പുകളിൽനിന്നു വ്യത്യസ്തരാക്കി. ഇതിനോടകംതന്നെ അന്താരാഷ്ട്ര തലത്തിൽ ഒരു വലിയ ആരാധകവൃന്ദത്തെ ബിടിഎസ് ആകർഷിക്കുകയും ചെയ്തു. എന്നാൽ, വി, ജിൻ, ജിമിൻ, ആർ.എം ജെ-ഹോപ്പ്, ഷുഗ, ജങ്കൂക്ക് എന്നീ സ്റ്റേജ് പേരുകളിൽ അറിയപ്പെടുന്ന ബാൻഡ് അംഗങ്ങൾ തങ്ങളുടെ നിർബന്ധിത സൈനിക സേവനത്തിനു പോകേണ്ടിവന്നതോടെയാണ് യാത്രയ്ക്ക് ഇടവേള വന്നത്. ദക്ഷിണ കൊറിയയിൽ, നിർബന്ധിത സൈനിക സേവന വ്യവസ്ഥപ്രകാരം 18നും 28നും ഇടയിൽ പ്രായമുള്ള ശാരീരികക്ഷമതയുള്ള എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസം വരെ സൈനിക സേവനം അനുഷ്ഠിക്കണമെന്നു നിയമമുണ്ട്.

തിരിച്ചുവരവ്

പ്രമുഖ പോപ്പ് താരങ്ങൾക്ക് അവരുടെ സൈനിക സേവനം 30 വയസ് വരെ നീട്ടിവയ്ക്കാൻ അനുവദിക്കുന്ന ഒരു ബിൽ ദക്ഷിണ കൊറിയൻ പാർലമെന്‍റ് പാസാക്കിയതോടെ, ഗ്രൂപ്പിനു തങ്ങളുടെ സേവനം ഒരിക്കൽ മാറ്റിവയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ, 2022ൽ ബാൻഡിലെ ഏറ്റവും മുതിർന്ന അംഗമായ ജിന്നിന് ആ സമയപരിധി അവസാനിച്ചിരുന്നതിനാൽ പോകേണ്ടിവന്നു, വൈകാതെ മറ്റുള്ളവരും സൈനിക സേവനത്തിൽ ചേർന്നു. ഏഴ് അംഗങ്ങളും 2025ൽ തങ്ങളുടെ സൈനിക സേവനം പൂർത്തിയാക്കി, ഉടൻതന്നെ പുതിയ സംഗീതം സൃഷ്ടിക്കാൻ ആരംഭിച്ചു. ഈ ഇടവേള വർഷങ്ങളിൽ ഓരോ അംഗവും തങ്ങളുടേതായ സോളോ വർക്കുകൾ പുറത്തിറക്കിയിരുന്നു.

 

Latest News

Corehub Up